Sunday, 23 April 2023

ഒരു പഠിപ്പിസ്റ്റിൻ്റെ കഥ !


MSW ഒന്നാം സെമസ്റ്റർ പരീക്ഷ തീയതി പ്രഖ്യാപിച്ചു. 

ക്ലാസ്സാകെ പരീക്ഷ ചൂടിലേക്ക്.... 

എല്ലാവരും നോട്ട്സ് തയ്യാറാക്കുന്നു അവസാനവട്ട മിനുക്ക് പണി, ഓടുന്നു ആകെ ഒരു ബഹളം .....

പരീക്ഷയ്ക്ക് രണ്ടു ദിവസം മുൻപ് രാവിലെ ബിനോയ് ആകെ അസ്വസ്ഥനായി കാണപ്പെട്ടു.

Image is for representation only
എന്തൊക്കെയോ ആലോചിച്ചു മുറ്റത്ത് കൂടി നടക്കുന്നു.... പിറുപിറുക്കുന്നു....

 ചെറുതായി കിളി പോയോ എന്ന് സംശയം

 എന്താടാ എന്തുപറ്റി - ജിജോ 

ഒന്നൂല്ല 

'എന്താ സംഗതി നീ പറ'

 'എടാ എനിക്ക് കഴിയൂന്ന്  തോന്നണില്ല'

''എന്ത്?''

 ഫസ്റ്റ് സെമസ്റ്റർ പരീക്ഷ

 അതിന്....

ഇത്തവണ ഞാൻ എഴുതുന്നില്ല ഒരു ആത്മവിശ്വാസക്കുറവ് സെക്കൻഡ്  സെമ്മിൽ ഒന്നിച്ച് പിടിക്കാം ബിനോയ് ഒറ്റവാക്കിൽ പറഞ്ഞ്ഒപ്പിച്ചു 

ജിജോ കുറച്ച് സമയം ആലോചിച്ചു .....

 നിശബ്ദത 

പിന്നെ ചരിത്രപരമായ പ്രഖ്യാപനം വന്നു 

നീ തനിച്ച് എഴുതാതിരിക്കേണ്ട,  ഞാനും കൂടെ കൂടാം

ബിനോയ്  ജിജോയെ നോക്കി 

നീയാടാ ആത്മാർത്ഥ സുഹൃത്ത് എന്ന് ആ നോട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു.

 മുറ്റത്ത് ഇത്രയും നാടകീയ രംഗം അരങ്ങേറിയിട്ടും നമ്മളെ സീനിൽ ഇല്ലേ എന്ന മട്ടിൽ ദീപക് താടിക്ക് കയ്യും കൊടുത്തു വരാന്തയിൽ ഇരിക്കുന്നുണ്ട് 

കൂടെ ഒരു ആത്മഗതവും

" നീയൊക്കെ എഴുതണില്ലേ വേണ്ട ഞാൻ എഴുതുന്നുണ്ട് "

 ഉറച്ച തീരുമാനം ഇതിലും വലിയ ഉറപ്പ് സ്വപ്നങ്ങളിൽ മാത്രം

ഇന്ന് കോളേജില്ലേ... 
വീട്ടുടമസ്ഥ വല്യമ്മയുടെ ക്ലീഷേ ഡയലോഗ്.

ഒണ്ടേ, പോകാൻ തുടങ്ങുന്നു.
റെക്കോർഡ് ചെയ്തു വച്ച മറുപടി ദീപക്ക് നൽകി

സമയം 11 മണി
സന്തോഷ് സാറിൻ്റെ ക്ലാസ്സ്
അടൂർ ഗോപാലകൃഷ്ണനൊക്കെ എന്ത്
സന്തോഷ് സാർ തകർക്കുന്നു.
പക്കാ അവാർഡ് പടം

Image is for representation only
പെട്ടന്ന് ക്ലാസ്സിൻ്റെ വാതിൽക്കൽ ഒരു രൂപം  പ്രത്യക്ഷപ്പെട്ടു

അറ്റൻഡർ സെബാസ്റ്റൻ ചേട്ടൻ

ഒരു കുറിപ്പ് സന്തോഷ് സാറിന് നേരേ നീട്ടി

ബിനോയ്  ആൻ്റ് ജിജോ ആർ വാണ്ട്സ് ടു മീറ്റ് HOD

ജിജോയും ബിനോയിയും പരസ്പരം നോക്കി
ഇല്ലടാ ഒരു പ്രശ്നവുമില്ല

അല്ലേലും നമ്മൾ പഠിക്കാനല്ലേ വന്നത് ജിജോ പതുക്കെ പറഞ്ഞു.

Ho Dയുടെ അടുത്തേയ്ക്ക് നീങ്ങുമ്പോൾ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അവരറിഞ്ഞിട്ടില്ല

സ്റ്റാഫ് റൂമിൽ കാലെടുത്തു വച്ചതും ഇടതു വശത്തു നിന്നൊരു ശബ്ദം

ഇങ്ങ് പോരെ ഞാനാ വിളിപ്പിച്ചത്.... ബൈജു മാഷ്

എന്താ സാർ?
നിങ്ങൾ .....
ഇല്ല സാർ, ഞങ്ങളില്ല സാർ.....

അതല്ല, രണ്ടാളും പഠിക്കാനല്ലേ വന്നത്
പിന്നെന്തിനാ പരീക്ഷ എഴുതുന്നില്ലാന്ന് തീരുമാനിച്ചത്

സാറിതെങ്ങനെ അറിഞ്ഞു

ബൈജു മാഷ് ഒന്നൂറിച്ചിരിച്ചു

എല്ലാമറിയുന്നവൻ ശംഭോ മഹാദേവ ...

ദീപക്ക് ചതിച്ചാശാനേ....

വാ ഇരിക്ക് നമുക്ക് പരിഹാരം ഉണ്ടാക്കാം

പിന്നെ നടന്നത് ഗീതോപദേശമായിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞ്    സ്റ്റാഫ് റൂമിൽ നിന്ന് അവരിറങ്ങുമ്പോൾ ദീപക്ക് ഒന്നുമറിയാത്തവനേപ്പോലെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.

എന്തായി

തീരുമാനം മാറ്റി അല്ല മാറ്റിച്ചു ......

പരീക്ഷ എഴുതുന്നു
പൂരം കൊടിയേറി മക്കളേ....

ഗീതോപദേശത്തിനു ശേഷം അവശനായ ബൈജു മാഷ് രണ്ട് ദിവസത്തേക്ക് അവധിയെടുത്തു എന്നാണ് പിന്നീടറിഞ്ഞത്.

അങ്ങനെ ആ ദിവസം വന്നണഞ്ഞു.

ആദ്യ സെമസ്റ്ററിലെ
ആദ്യ പരീക്ഷ

Image is for representation only
ആദ്യരാത്രിയും, ആദ്യ പരീക്ഷയും ഒരു പോലെയാണെന്ന് ഒരു വിരുതൻ പറഞ്ഞിട്ടുണ്ട്.

ഒരു പരവേശവും വെപ്രാളവും അത്ര തന്നെ...

സമയം 8.40
പുസ്തകം അടച്ചു വച്ച് ജിജോ ചോദിച്ചു

ബിനോയ് ഓക്കെയല്ലേ
ഡബിൾ ഓക്കെ

അവനെവിടെ ദീപക്ക്
കുളി കഴിഞ്ഞില്ലേ?

എന്താടാ താമസം
വേഗം ഡ്രസ്സ് ചെയിഞ്ച് ചെയ്യ്.....

9 മണിക്ക് ദീപക്ക് വരാന്തയിൽ പ്രത്യക്ഷപ്പെട്ടു

വേഷം കൈലിമുണ്ടും, ടീ ഷർട്ടും

റെഡിയായില്ലേ?
ഇല്ല, ഞാനില്ല

എന്ത്?

ഞാൻ പരീക്ഷ എഴുതുന്നില്ല ദീപക്കിൻ്റെ പ്രഖ്യാപനം വന്നു.

അയ്യോ എന്തു പറ്റി

ഒരാത്മവിശ്വാസക്കുറവ്

അതിന് ക്ലോസപ്പ് പേസ്റ്റിട്ട് പല്ലുതേച്ചാ പോരെ
ബിനോയിയുടെ വളിച്ച കോമഡി

ക്ലൈമാക്സ് 1

എഴുതുന്നില്ല എന്ന് തീരുമാനിച്ചവർ പരീക്ഷ എഴുതുന്നു 60% ന് മുകളിൽ വാങ്ങുന്നു.

ക്ലൈമാക്സ് 2

ദീപക്ക് രണ്ടാം സെമസ്റ്ററിൽ ഒന്നും രണ്ടും സെമസ്റ്ററുകൾ ഒന്നിച്ചെഴുതിയെടുത്ത് ബാഹുബലിയാകുന്നു.

(ബിനോയ് വി ജെ) 

No comments:

Post a Comment