Monday, 24 April 2023

കൊന്നക്കാട് വിശേഷങ്ങൾ - ഭാഗം 01


എം എസ് ഡബ്ള്യു പഠനത്തിൽ ആദ്യത്തെ പ്രായോഗിക പഠന കളരി ആണ് റൂറൽ ക്യാമ്പ്. പത്തു ദിവസം നീളുന്ന അതി വിശാലമായ പരിപാടികളായിരുന്നു അതിൽ ഉൾപ്പെടുത്തിയിരുന്നത്. 

കൊല്ലംകാരനായ ഞാൻ ആദ്യമായി കാസർഗോഡ് കാണാൻ പോയതും ക്യാംപിനുവേണ്ടിയുള്ള യാത്രയിൽ ആയിരുന്നു. പ്രൈവറ്റ് ബസിൽ ഞങ്ങൾ 22 വിദ്യാർത്ഥികളും പിന്നെ 3 അധ്യാപകരും അടങ്ങുന്ന സംഘം കൊന്നക്കാട് എന്ന ഉൾനാടൻ ഗ്രാമത്തിലേക്കു യാത്രതിരിച്ചു. 

പാട്ടും കളിയും ചിരിയും ഒക്കെയായി വളരെ അധികം ആസ്വദിച്ച ഒരു യാത്രയായിരുന്നു അത്. ബസിൽ കൂടെ യാത്ര ചെയ്തവരും ഞങളുടെ സന്തോഷത്തിൽ പങ്കു ചേർന്നു.


ഉച്ചയോടെ ഞങ്ങൾ കൊന്നക്കാട് എത്തിച്ചേർന്നു. കാണാൻ നല്ല ഭംഗിയുള്ള സ്ഥലം. വരച്ചു വച്ച സീനറികളിൽ കാണുന്നതുപോലെ അല്ലെങ്കിൽ ചില സത്യൻ അന്തിക്കാട് പടത്തിൽ കാണുന്നതുപോലെ അതിമനോഹരമായ ഒരു സ്ഥലം. 

ആ ചെറിയ കവലയും, പാലവും, തോടും അവിടുത്തെ ആൾക്കാരും എല്ലാം വളരെ പെട്ടെന്ന് ഞങ്ങളുടെയെല്ലാം മിത്രങ്ങൾ ആയി. 

കൊന്നക്കാട് ഗവൺമെൻറ് എൽ പി സ്‌കൂളിൽ ആയിരുന്നു   ഞങ്ങളുടെ ക്യാമ്പ്. അവിടെ ചെന്നപ്പോൾ ഗോവിന്ദൻ മാഷ് ഞങ്ങളെ കാത്തു സ്‌കൂളിന് മുന്നിൽത്തന്നെ ഉണ്ട്. 

ഇത്രയും എളിമ ഒരു മനുഷ്യനിൽ ആദ്യമായി ഞാൻ കാണുന്നത് അന്നായിരുന്നു. അവിടെയെല്ലാം ഓടി നടന്ന് ഞങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അദ്ദേഹം ഒരുക്കിത്തന്നു. ആൺകുട്ടികൾക്ക് സ്‌കൂളിൽത്തന്നെ താമസ സൗകര്യം ഒരുക്കി - പെൺകുട്ടികൾക്ക് അടുത്തുള്ള വീടുകളിലും.  

GLPS Konnakkad

ആദ്യദിവസം ഞങ്ങൾ താമസസ്ഥലം ശെരിയാക്കുന്ന പണിയിൽ ഏർപ്പെട്ടു. ക്യാമ്പിന്റെ ബാനർ വലിച്ചു കെട്ടി. വൈകിട്ടു നടക്കുന്ന ഉത്ഘാടന സമ്മേളനത്തിന് വേദി ഒരുക്കി. പാചകപ്പുര തയാറാക്കി. അങ്ങനെ എണ്ണമില്ലാത്ത ജോലികൾ! 

വീടുമാറി നിൽക്കുന്നതിന്റെ - അതും ഇത്രയും ദൂരെ - ചില പ്രാരംഭ ബുദ്ധിമുട്ടുകൾ ചിലരിൽ കണ്ടുതുടങ്ങിയിരുന്നു. 

ഇതൊന്നും ബാധിക്കാത്ത ഒട്ടനേകം പേരും ഉണ്ട് എന്നും പറയട്ടെ. ആദ്യം പറഞ്ഞ വിഭാഗത്തിൽ പെട്ടത് തെക്കൻ ജില്ലക്കാർ ആയിരുന്നു. ഞങ്ങളുടെ ബാച്ചിൽ പത്തനംതിട്ട, വയനാട് ഒഴികെ മറ്റ് എല്ലാ ജില്ലയിൽ നിന്നും പ്രതിനിധികൾ ഉണ്ടായിരുന്നു. 

പണിയൊക്കെ ഒരു പരുവം ആയപ്പോൾ പലരും  വീട്ടിൽ വിളിച്ചു വിവരങ്ങൾ പറയുന്നതിനായി ടെലിഫോൺ ബൂത്തുകളിലേക്ക് പോയി. മറ്റു ചിലർ നാട്ടുകാരുമായി കൊച്ചുവാർത്തനങ്ങളിൽ ഏർപ്പെട്ടു. 

പ്രസാദ്, ഗോവിന്ദൻ മാഷിന്റെ പിറകെ ആയിരുന്നു. വിനോദ് തനിക്ക് 'ഡബിൾ ചായ' കിട്ടാൻ സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. (ഈ കഥാപാത്രങ്ങളെ കുറിച്ചു വിശദമായി വരും അധ്യായങ്ങളിൽ എഴുതുന്നുണ്ട്).

നേരം ഇരുട്ട് വീഴാൻ തുടങ്ങി. മീറ്റിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാട്ടുകാർ ഒക്കെ എത്തി. പഞ്ചായത്ത് പ്രസിഡണ്ട് ആണ് ഉത്ഘാടകൻ. എല്ലാവരും അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നു.


(തുടരും )

No comments:

Post a Comment