ഒരു ഏപ്രിൽ മാസത്തിലാണ് ഞങ്ങൾ പയ്യന്നൂയൂരിൽ എത്തുന്നത്.
താമസിക്കാൻ ഒരു ലോഡ്ജ് തരപ്പെടുത്തി. ഏപ്രിൽ മാസത്തെ ചൂട് സഹിക്കാൻ വയ്യ.
ലോഡ്ജിലെ ഒരു വലിയമുറിയാണ് ഞങ്ങൾക്ക് ലഭിച്ചത്.
മുറിയ്ക്ക് വെന്റിലേഷൻ ഇല്ലാത്തതിനാൽ വല്ലാത്ത ചൂടാണ്. കൂടാതെ ആകെയുള്ള മണ്ണെണ്ണ സ്റ്റവ്വിൽ പാചകം അതിന്റെ ചൂട് വേറെ.
എത്രയും വേഗം പുതിയ ഒരു വീട് കണ്ടുപിടിക്കണം. സുഹൃത്തുക്കളുടെ എണ്ണം കൂടുന്നു. പുതുതായി കുറച്ചുപേർകൂടെ ജോയിൻ ചെയ്തിട്ടുണ്ട്.
സഹപാഠിയും ലോക്കലുമായ പ്രശാന്തിന്റെ സഹായത്താൽ മുച്ചിലോട്ട് അമ്പലത്തിന്റെ അടുത്തായി പഴയ ഒരു വീട് കിട്ടി.
വയലിന്റെ അരികിലുള്ള പഴയ ഒരു വീട്. നടവരമ്പിലൂടെ നടന്നു വേണം വീട്ടിലെത്താൻ.
മുച്ചിലോട്ട് ഞങ്ങൾ താമസിച്ചിരുന്ന വീടിനു മുന്നിൽ - ഓർമ ചിത്രം |
കാഴചയ്ക്കു ഒരു ഭാർഗവി നിലയം ലുക്ക്.
സിമിന്റിട്ട വലിയ മുറ്റം. അതുകഴിഞ്ഞാൽ നീണ്ട വരാന്ത. അകത്തേയ്ക്കു കടക്കുമ്പോൾ ഒരു ഹാൾ രണ്ടു കിടപ്പുമുറികൾ, അടുക്കള.
അടുക്കളയോട് ചേർന്ന് കുളിമുറി. കിണറ്റിൽ നിന്നും നേരിട്ട് കോരികുളിയ്ക്കാവുന്ന രീതി ഇന്നാട്ടിലെ ഒരു പ്രത്യേകതയാണ്.
ടോയ്ലറ്റ് വീടിനു പുറത്താണ്.
വീടിനു മുൻവശത്തായി വലിയ ഒരു മാവ്. മാങ്ങാ നിറച്ചും ഉണ്ട്. അസാധാരണ വലിപ്പമുള്ള മാങ്ങകൾ. മുറ്റം നിറയെ മാവിന്റെ ഇലകളാണ്. വീടിനു ചുറ്റും ചപ്പുചവറുകൾ കൊണ്ട് സമ്പുഷ്ടം. ഒന്നാഞ്ഞുപിടിച്ചാൽ രണ്ടു ദിവസംകൊണ്ടു വൃത്തിയാക്കിയെടുക്കാം.
ശനിയും ഞായറും സേവനവാരം സംഗതി ക്ളീൻ. കയറിച്ചെല്ലുമ്പോളുള്ള ഇടതുവശത്തെ മുറി പ്രസാദ് സ്വന്തമാക്കി. ബാക്കിയുള്ളവർ അകത്തെ മുറിയിൽ ശരണം പ്രാപിച്ചു.
രണ്ടു കട്ടിൽ മാത്രമേയുള്ളൂ. പ്രസാദ് വെട്ടിപ്പിടിച്ച സ്വന്തം മുറിയിൽ കിടക്കാൻ തീരുമാനിച്ചു. ഹാളിൽ നിലത്തു പാ വിരിച്ചു കിടക്കാമെന്ന ബില്ല് ഗവർണ്ണറുടെ തീരുമാനത്തിനു വിടാതെ ഞങ്ങൾ ഏക ഖണ്ഡേന പാസാക്കി.
പിറ്റേന്ന് ക്‌ളാസ് കഴിഞ്ഞു മടങ്ങിവരുമ്പോൾ മുഹ്സിൻ അലിയുടെ കയ്യിൽ എൻസൈക്ലോപീഡിയയുടെ ഒരു വലിയ ബുക്കുണ്ട്.
ആള് വലിയ പഠിപ്പിസ്റ്റാണെന്ന് ഞങ്ങൾ അടക്കം പറഞ്ഞു. വീട്ടിലെത്തിയ അലി ബുക്ക് മേശപ്പുറത്തു വിശ്രമിക്കാൻ അനുവദിച്ചു.
ഞങ്ങളിൽ പലരും ഇടയ്ക്കിടെ എൻസൈക്ലോപീഡിയ എടുത്തു തിരിച്ചും മറിച്ചും നോക്കി സായൂജ്യമടഞ്ഞു.
അലിയെക്കുറിച്ചു ഓർത്തു ഞങ്ങൾ പുളകിതരായി.
രാത്രി ഭക്ഷണത്തിനു ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ അലി ബുക്കെടുത്തു.
എല്ലാവരും ഉറങ്ങിയശേഷം സ്വസ്ഥമായി പഠിക്കാനാണ് പ്ലാനെന്നു പ്രതാപൻ രഹസ്യമായി പറഞ്ഞു.
എൻസൈക്ലോപീഡിയയെ ഒരു തുണിയിൽ പൊതിഞ്ഞെടുത്തു മനോഹരമായ ഒരു തലയിണയാക്കി മാറ്റുന്ന അപൂർവ്വ കാഴ്ച ഞങ്ങളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു.
പിന്നീട് കോഴ്സ് കഴിയുന്നതുവരെ ലൈബ്രറിയിലെ പല വലിയ പുസ്തകങ്ങളും രാത്രികാലങ്ങളിൽ അലിയ്ക്കു തുണയായി മാറി.
ലൈബ്രെറിയാനാകട്ടെ അലിയോട് എന്തെന്നില്ലാത്ത ബഹുമാനം.
ലൈബ്രറിയുടെ ചരിത്രത്തിൽ ഇത്രയധികം പുസ്തകകങ്ങൾ എടുത്ത റെക്കോർഡ് ഇന്നും അലിയുടെ പേരിലാണുള്ളത്.
ഗൂഗിൾ വന്നതിനാലും, ഊതിവീർപ്പിക്കാവുന്ന തലയിണകൾ സർവ്വ സാധാരണമായതിനാലും അലിയുടെ റെക്കോർഡ് കാലങ്ങളോളം അവശേഷിക്കും എന്നകാര്യത്തിൽ ഞങ്ങൾക്ക് സംശയമില്ല, നിങ്ങൾക്കും അങ്ങനെതന്നെയല്ലേ...
(ബിനോയ് വി ജെ)
No comments:
Post a Comment