Tuesday, 25 April 2023

ഭാർഗ്ഗവീനിലയം

 വീട്ടിൽ ഞങ്ങളെ കൂടാതെ ഒരുപാടു താമസക്കാർ  വേറെയുമുണ്ടെന്ന് രണ്ടുമൂന്നു ദിവസംകൊണ്ടു ഞങ്ങക്ക് ബോധ്യമായി. രാത്രിയിൽ തട്ടിൻ പുറത്തുകൂടെ ആരൊക്കെയോ നടക്കുന്ന ശബ്ദം.

മരപ്പട്ടിയും, പെരുച്ചാഴികളും വവ്വാലുകളും, ചുണ്ടെലികളും സസുഖം വാണിരുന്ന വീടാണല്ലോ ഞങ്ങൾ കയ്യേറിയത്. അവരും ഭൂമിയുടെ അവകാശികളാണെന്ന് കുഞ്ഞുണ്ണി പ്രസ്താവിച്ചു.

ബഷീറിന്റെ ഭൂമിയുടെ അവകാശികൾ സ്കൂളിൽ പഠിച്ചിട്ടില്ലെടാ .... അല്പസമയത്തേയ്ക്ക് എല്ലാവരും ഭൂതകാലത്തേയ്ക്ക് ഊളിയിട്ടു.

അയ്യോ എന്ന് രഞ്ജി നിലവിളിച്ചതോടെ പൂർവ്വാശ്രമത്തിൽനിന്നും എല്ലാവരും മടങ്ങിവന്നു.

ഭൂമിയുടെ അവകാശികൾ പഠിപ്പിച്ചപ്പോൾ അടി കിട്ടിയ ഓർമ്മയാണ് രഞ്ജിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് പിന്നീടു നടന്ന വെളിപ്പെടുത്തൽ അങ്ങനെ എന്തെല്ലാം കോപ്രായങ്ങൾ രഞ്ജി ഊറി ചിരിച്ചു.

ഒരു ദിവസം രാവിലെ ഉറക്കം ഉണർന്നപ്പോൾ പ്രതാപൻ അലി കുഞ്ഞുണ്ണി തുടങ്ങിയവരുടെ കാലിന്റെ ഉപ്പൂറ്റിയിൽ ഏതാനും ചെറിയ വരകൾ കാണപ്പെട്ടു.

ഒടുവിൽ നീണ്ട അന്വേഷണങ്ങൾക്കു ശേഷം ചുണ്ടെലി കരണ്ടതാണെന്നു റഫീഖ് എന്ന ഇക്കയുടെ സി ബി ഐ  കണ്ടെത്തി. എന്തൊകൊണ്ടു ബാക്കിയുള്ളവരുടെ കാലുകൾ വെറുതെവിട്ടു ബിനോയിയുടെ നിഷ്കളങ്കമായ സംശയം. തൊലിക്കട്ടി അപാരമെന്ന പ്രസാദിന്റെ മറുപടിയിൽ മറ്റെല്ലാ സംശയരോഗികളും ഓടിയൊളിച്ചു.

അത്താഴത്തിനു ശേഷം എല്ലാവരും വരാന്തയിലും, നടയിലും മുറ്റത്തുമായി ഇരുന്നു പലപല കഥകൾ പറയുമായിരുന്നു.

കൂട്ടത്തിൽ ചില എരിവും പുളിയുമുള്ള കഥകൾ പറയുമ്പോൾ സമ്പൂർണ്ണ നിശബ്ദതയും ശേഷം എല്ലാവരുംതന്നെ മനകണ്ണിൽ അത് നടന്നതായി സ്വപ്നം കാണുകയും ചെയ്തിരുന്നു.

പ്രസാദാണ് ഹൊറർ കഥകളുടെ ആശാൻ . പള്ളി സെമിത്തേരിയിലെ പ്രേതമാണ് മുഖ്യ ഐറ്റം. പ്രേത കഥ പറയുന്നത് തടയാൻ ദീപക് എപ്പോഴും ശ്രമിക്കുമായിരുന്നു. പക്ഷെ സദസ്സ് എന്നും  പ്രസാദിന് അനുകൂലമായിരുന്നു.

ഒരുദിവസം പ്രസാദിന്റ “പള്ളി സെമിത്തേരിയിലെ പ്രേതം” നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു.

വരാന്തയിലും വാതിൽ പടിയിലുമായി കേൾവിക്കാൾ കാതു കൂർപ്പിച്ചു ഇരിക്കുന്നു.

ദീപക് മാത്രം  വരാന്തയിലെ നടയിൽ മുറ്റത്തേയ്ക്ക് കാലും നീട്ടിയാണിരിക്കുന്നത്.

പ്രസാദിന്റെ കഥ ക്ളൈമാക്സിലേക്കെത്തുന്നു. അതാ സെമിത്തേരിയിൽ നിന്നൊരു അസാധാരണ രൂപമെന്നു പ്രസാദ് പറയുകയും മുറ്റത്തു നിന്നും 'ഡിം' എന്നൊരു വലിയ ശബ്ദം  .  

ദീപക്കും കൂടെ പേര് വെളുപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ടു പേരും അകത്തെ മുറിയിലേയ്ക്കു പാഞ്ഞു. അവർ മൂവരും നിലം തൊടാതെ പറക്കുന്ന കാഴച ഞാനേ കണ്ടോള്ളൂ, ഞാൻ മാത്രം.

മാവിൽ നിന്നും ഒരു വലിയ മാങ്ങ ദീപക്കിന്റെ കാലിനു സമീപം വീണതാണ് 'ഡിം' എന്ന വലിയ ശബ്ദത്തിനു കാരണമായത്.

പക്ഷെ ദീപക്കിനെ കുഴക്കിയത് അതല്ല ക്‌ളൈമാക്സിൽ പ്രസാദ് എങ്ങനെയാണു ഇത്ര കൃത്യമായി മാങ്ങാ വീഴുന്നത് ഒപ്പിച്ചത്എന്നതായിരുന്നു.


ഇതൊക്കെയെന്ത്  എന്നഭാവത്തിൽ മസിൽ പിടിച്ചു  പ്രസാദും .....

(BINOY V J)

'എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക'


ഒരു ഏപ്രിൽ മാസത്തിലാണ് ഞങ്ങൾ പയ്യന്നൂയൂരിൽ എത്തുന്നത്.

താമസിക്കാൻ ഒരു ലോഡ്ജ് തരപ്പെടുത്തി. ഏപ്രിൽ മാസത്തെ ചൂട് സഹിക്കാൻ വയ്യ.

ലോഡ്ജിലെ ഒരു വലിയമുറിയാണ് ഞങ്ങൾക്ക് ലഭിച്ചത്.

മുറിയ്ക്ക് വെന്റിലേഷൻ ഇല്ലാത്തതിനാൽ വല്ലാത്ത ചൂടാണ്. കൂടാതെ ആകെയുള്ള മണ്ണെണ്ണ സ്റ്റവ്വിൽ പാചകം അതിന്റെ ചൂട് വേറെ. 

എത്രയും വേഗം പുതിയ ഒരു വീട് കണ്ടുപിടിക്കണം. സുഹൃത്തുക്കളുടെ എണ്ണം കൂടുന്നു. പുതുതായി കുറച്ചുപേർകൂടെ ജോയിൻ ചെയ്തിട്ടുണ്ട്. 

സഹപാഠിയും ലോക്കലുമായ പ്രശാന്തിന്റെ സഹായത്താൽ മുച്ചിലോട്ട് അമ്പലത്തിന്റെ അടുത്തായി പഴയ ഒരു വീട് കിട്ടി. 

വയലിന്റെ അരികിലുള്ള പഴയ ഒരു വീട്. നടവരമ്പിലൂടെ നടന്നു വേണം വീട്ടിലെത്താൻ.

മുച്ചിലോട്ട് ഞങ്ങൾ താമസിച്ചിരുന്ന വീടിനു മുന്നിൽ - ഓർമ ചിത്രം 


കാഴചയ്ക്കു ഒരു ഭാർഗവി നിലയം ലുക്ക്.

സിമിന്റിട്ട വലിയ മുറ്റം. അതുകഴിഞ്ഞാൽ നീണ്ട വരാന്ത. അകത്തേയ്ക്കു കടക്കുമ്പോൾ ഒരു ഹാൾ രണ്ടു കിടപ്പുമുറികൾ, അടുക്കള.

അടുക്കളയോട് ചേർന്ന് കുളിമുറി. കിണറ്റിൽ നിന്നും നേരിട്ട് കോരികുളിയ്ക്കാവുന്ന രീതി ഇന്നാട്ടിലെ ഒരു പ്രത്യേകതയാണ്.

ടോയ്ലറ്റ് വീടിനു പുറത്താണ്. 

വീടിനു മുൻവശത്തായി വലിയ ഒരു മാവ്. മാങ്ങാ നിറച്ചും ഉണ്ട്. അസാധാരണ വലിപ്പമുള്ള മാങ്ങകൾ. മുറ്റം നിറയെ മാവിന്റെ ഇലകളാണ്. വീടിനു ചുറ്റും ചപ്പുചവറുകൾ കൊണ്ട് സമ്പുഷ്ടം. ഒന്നാഞ്ഞുപിടിച്ചാൽ രണ്ടു ദിവസംകൊണ്ടു വൃത്തിയാക്കിയെടുക്കാം. 

ശനിയും ഞായറും സേവനവാരം സംഗതി ക്ളീൻ. കയറിച്ചെല്ലുമ്പോളുള്ള ഇടതുവശത്തെ മുറി പ്രസാദ് സ്വന്തമാക്കി. ബാക്കിയുള്ളവർ അകത്തെ മുറിയിൽ ശരണം പ്രാപിച്ചു.

രണ്ടു കട്ടിൽ മാത്രമേയുള്ളൂ. പ്രസാദ് വെട്ടിപ്പിടിച്ച സ്വന്തം മുറിയിൽ കിടക്കാൻ തീരുമാനിച്ചു. ഹാളിൽ നിലത്തു പാ വിരിച്ചു കിടക്കാമെന്ന ബില്ല് ഗവർണ്ണറുടെ തീരുമാനത്തിനു വിടാതെ ഞങ്ങൾ ഏക ഖണ്ഡേന പാസാക്കി.

പിറ്റേന്ന് ക്‌ളാസ് കഴിഞ്ഞു മടങ്ങിവരുമ്പോൾ മുഹ്സിൻ അലിയുടെ കയ്യിൽ എൻസൈക്ലോപീഡിയയുടെ ഒരു വലിയ ബുക്കുണ്ട്. 


ആള് വലിയ പഠിപ്പിസ്റ്റാണെന്ന്  ഞങ്ങൾ അടക്കം പറഞ്ഞു. വീട്ടിലെത്തിയ അലി ബുക്ക് മേശപ്പുറത്തു വിശ്രമിക്കാൻ അനുവദിച്ചു.

ഞങ്ങളിൽ പലരും ഇടയ്ക്കിടെ എൻസൈക്ലോപീഡിയ എടുത്തു തിരിച്ചും മറിച്ചും നോക്കി സായൂജ്യമടഞ്ഞു.

അലിയെക്കുറിച്ചു ഓർത്തു ഞങ്ങൾ പുളകിതരായി. 

രാത്രി ഭക്ഷണത്തിനു ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ അലി ബുക്കെടുത്തു.

എല്ലാവരും ഉറങ്ങിയശേഷം സ്വസ്ഥമായി പഠിക്കാനാണ് പ്ലാനെന്നു പ്രതാപൻ രഹസ്യമായി പറഞ്ഞു. 

എൻസൈക്ലോപീഡിയയെ ഒരു തുണിയിൽ പൊതിഞ്ഞെടുത്തു  മനോഹരമായ ഒരു തലയിണയാക്കി മാറ്റുന്ന അപൂർവ്വ കാഴ്ച ഞങ്ങളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു.

പിന്നീട് കോഴ്സ് കഴിയുന്നതുവരെ ലൈബ്രറിയിലെ പല വലിയ പുസ്തകങ്ങളും രാത്രികാലങ്ങളിൽ അലിയ്ക്കു തുണയായി മാറി.

ലൈബ്രെറിയാനാകട്ടെ അലിയോട് എന്തെന്നില്ലാത്ത ബഹുമാനം.

ലൈബ്രറിയുടെ ചരിത്രത്തിൽ ഇത്രയധികം പുസ്തകകങ്ങൾ എടുത്ത റെക്കോർഡ് ഇന്നും അലിയുടെ പേരിലാണുള്ളത്.

ഗൂഗിൾ വന്നതിനാലും, ഊതിവീർപ്പിക്കാവുന്ന തലയിണകൾ സർവ്വ സാധാരണമായതിനാലും അലിയുടെ റെക്കോർഡ് കാലങ്ങളോളം അവശേഷിക്കും എന്നകാര്യത്തിൽ ഞങ്ങൾക്ക് സംശയമില്ല, നിങ്ങൾക്കും അങ്ങനെതന്നെയല്ലേ...

(ബിനോയ് വി ജെ) 


Monday, 24 April 2023

കൊന്നക്കാട് വിശേഷങ്ങൾ - ഭാഗം 01


എം എസ് ഡബ്ള്യു പഠനത്തിൽ ആദ്യത്തെ പ്രായോഗിക പഠന കളരി ആണ് റൂറൽ ക്യാമ്പ്. പത്തു ദിവസം നീളുന്ന അതി വിശാലമായ പരിപാടികളായിരുന്നു അതിൽ ഉൾപ്പെടുത്തിയിരുന്നത്. 

കൊല്ലംകാരനായ ഞാൻ ആദ്യമായി കാസർഗോഡ് കാണാൻ പോയതും ക്യാംപിനുവേണ്ടിയുള്ള യാത്രയിൽ ആയിരുന്നു. പ്രൈവറ്റ് ബസിൽ ഞങ്ങൾ 22 വിദ്യാർത്ഥികളും പിന്നെ 3 അധ്യാപകരും അടങ്ങുന്ന സംഘം കൊന്നക്കാട് എന്ന ഉൾനാടൻ ഗ്രാമത്തിലേക്കു യാത്രതിരിച്ചു. 

പാട്ടും കളിയും ചിരിയും ഒക്കെയായി വളരെ അധികം ആസ്വദിച്ച ഒരു യാത്രയായിരുന്നു അത്. ബസിൽ കൂടെ യാത്ര ചെയ്തവരും ഞങളുടെ സന്തോഷത്തിൽ പങ്കു ചേർന്നു.


ഉച്ചയോടെ ഞങ്ങൾ കൊന്നക്കാട് എത്തിച്ചേർന്നു. കാണാൻ നല്ല ഭംഗിയുള്ള സ്ഥലം. വരച്ചു വച്ച സീനറികളിൽ കാണുന്നതുപോലെ അല്ലെങ്കിൽ ചില സത്യൻ അന്തിക്കാട് പടത്തിൽ കാണുന്നതുപോലെ അതിമനോഹരമായ ഒരു സ്ഥലം. 

ആ ചെറിയ കവലയും, പാലവും, തോടും അവിടുത്തെ ആൾക്കാരും എല്ലാം വളരെ പെട്ടെന്ന് ഞങ്ങളുടെയെല്ലാം മിത്രങ്ങൾ ആയി. 

കൊന്നക്കാട് ഗവൺമെൻറ് എൽ പി സ്‌കൂളിൽ ആയിരുന്നു   ഞങ്ങളുടെ ക്യാമ്പ്. അവിടെ ചെന്നപ്പോൾ ഗോവിന്ദൻ മാഷ് ഞങ്ങളെ കാത്തു സ്‌കൂളിന് മുന്നിൽത്തന്നെ ഉണ്ട്. 

ഇത്രയും എളിമ ഒരു മനുഷ്യനിൽ ആദ്യമായി ഞാൻ കാണുന്നത് അന്നായിരുന്നു. അവിടെയെല്ലാം ഓടി നടന്ന് ഞങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അദ്ദേഹം ഒരുക്കിത്തന്നു. ആൺകുട്ടികൾക്ക് സ്‌കൂളിൽത്തന്നെ താമസ സൗകര്യം ഒരുക്കി - പെൺകുട്ടികൾക്ക് അടുത്തുള്ള വീടുകളിലും.  

GLPS Konnakkad

ആദ്യദിവസം ഞങ്ങൾ താമസസ്ഥലം ശെരിയാക്കുന്ന പണിയിൽ ഏർപ്പെട്ടു. ക്യാമ്പിന്റെ ബാനർ വലിച്ചു കെട്ടി. വൈകിട്ടു നടക്കുന്ന ഉത്ഘാടന സമ്മേളനത്തിന് വേദി ഒരുക്കി. പാചകപ്പുര തയാറാക്കി. അങ്ങനെ എണ്ണമില്ലാത്ത ജോലികൾ! 

വീടുമാറി നിൽക്കുന്നതിന്റെ - അതും ഇത്രയും ദൂരെ - ചില പ്രാരംഭ ബുദ്ധിമുട്ടുകൾ ചിലരിൽ കണ്ടുതുടങ്ങിയിരുന്നു. 

ഇതൊന്നും ബാധിക്കാത്ത ഒട്ടനേകം പേരും ഉണ്ട് എന്നും പറയട്ടെ. ആദ്യം പറഞ്ഞ വിഭാഗത്തിൽ പെട്ടത് തെക്കൻ ജില്ലക്കാർ ആയിരുന്നു. ഞങ്ങളുടെ ബാച്ചിൽ പത്തനംതിട്ട, വയനാട് ഒഴികെ മറ്റ് എല്ലാ ജില്ലയിൽ നിന്നും പ്രതിനിധികൾ ഉണ്ടായിരുന്നു. 

പണിയൊക്കെ ഒരു പരുവം ആയപ്പോൾ പലരും  വീട്ടിൽ വിളിച്ചു വിവരങ്ങൾ പറയുന്നതിനായി ടെലിഫോൺ ബൂത്തുകളിലേക്ക് പോയി. മറ്റു ചിലർ നാട്ടുകാരുമായി കൊച്ചുവാർത്തനങ്ങളിൽ ഏർപ്പെട്ടു. 

പ്രസാദ്, ഗോവിന്ദൻ മാഷിന്റെ പിറകെ ആയിരുന്നു. വിനോദ് തനിക്ക് 'ഡബിൾ ചായ' കിട്ടാൻ സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. (ഈ കഥാപാത്രങ്ങളെ കുറിച്ചു വിശദമായി വരും അധ്യായങ്ങളിൽ എഴുതുന്നുണ്ട്).

നേരം ഇരുട്ട് വീഴാൻ തുടങ്ങി. മീറ്റിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാട്ടുകാർ ഒക്കെ എത്തി. പഞ്ചായത്ത് പ്രസിഡണ്ട് ആണ് ഉത്ഘാടകൻ. എല്ലാവരും അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നു.


(തുടരും )

Sunday, 23 April 2023

ഒരു പഠിപ്പിസ്റ്റിൻ്റെ കഥ !


MSW ഒന്നാം സെമസ്റ്റർ പരീക്ഷ തീയതി പ്രഖ്യാപിച്ചു. 

ക്ലാസ്സാകെ പരീക്ഷ ചൂടിലേക്ക്.... 

എല്ലാവരും നോട്ട്സ് തയ്യാറാക്കുന്നു അവസാനവട്ട മിനുക്ക് പണി, ഓടുന്നു ആകെ ഒരു ബഹളം .....

പരീക്ഷയ്ക്ക് രണ്ടു ദിവസം മുൻപ് രാവിലെ ബിനോയ് ആകെ അസ്വസ്ഥനായി കാണപ്പെട്ടു.

Image is for representation only
എന്തൊക്കെയോ ആലോചിച്ചു മുറ്റത്ത് കൂടി നടക്കുന്നു.... പിറുപിറുക്കുന്നു....

 ചെറുതായി കിളി പോയോ എന്ന് സംശയം

 എന്താടാ എന്തുപറ്റി - ജിജോ 

ഒന്നൂല്ല 

'എന്താ സംഗതി നീ പറ'

 'എടാ എനിക്ക് കഴിയൂന്ന്  തോന്നണില്ല'

''എന്ത്?''

 ഫസ്റ്റ് സെമസ്റ്റർ പരീക്ഷ

 അതിന്....

ഇത്തവണ ഞാൻ എഴുതുന്നില്ല ഒരു ആത്മവിശ്വാസക്കുറവ് സെക്കൻഡ്  സെമ്മിൽ ഒന്നിച്ച് പിടിക്കാം ബിനോയ് ഒറ്റവാക്കിൽ പറഞ്ഞ്ഒപ്പിച്ചു 

ജിജോ കുറച്ച് സമയം ആലോചിച്ചു .....

 നിശബ്ദത 

പിന്നെ ചരിത്രപരമായ പ്രഖ്യാപനം വന്നു 

നീ തനിച്ച് എഴുതാതിരിക്കേണ്ട,  ഞാനും കൂടെ കൂടാം

ബിനോയ്  ജിജോയെ നോക്കി 

നീയാടാ ആത്മാർത്ഥ സുഹൃത്ത് എന്ന് ആ നോട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു.

 മുറ്റത്ത് ഇത്രയും നാടകീയ രംഗം അരങ്ങേറിയിട്ടും നമ്മളെ സീനിൽ ഇല്ലേ എന്ന മട്ടിൽ ദീപക് താടിക്ക് കയ്യും കൊടുത്തു വരാന്തയിൽ ഇരിക്കുന്നുണ്ട് 

കൂടെ ഒരു ആത്മഗതവും

" നീയൊക്കെ എഴുതണില്ലേ വേണ്ട ഞാൻ എഴുതുന്നുണ്ട് "

 ഉറച്ച തീരുമാനം ഇതിലും വലിയ ഉറപ്പ് സ്വപ്നങ്ങളിൽ മാത്രം

ഇന്ന് കോളേജില്ലേ... 
വീട്ടുടമസ്ഥ വല്യമ്മയുടെ ക്ലീഷേ ഡയലോഗ്.

ഒണ്ടേ, പോകാൻ തുടങ്ങുന്നു.
റെക്കോർഡ് ചെയ്തു വച്ച മറുപടി ദീപക്ക് നൽകി

സമയം 11 മണി
സന്തോഷ് സാറിൻ്റെ ക്ലാസ്സ്
അടൂർ ഗോപാലകൃഷ്ണനൊക്കെ എന്ത്
സന്തോഷ് സാർ തകർക്കുന്നു.
പക്കാ അവാർഡ് പടം

Image is for representation only
പെട്ടന്ന് ക്ലാസ്സിൻ്റെ വാതിൽക്കൽ ഒരു രൂപം  പ്രത്യക്ഷപ്പെട്ടു

അറ്റൻഡർ സെബാസ്റ്റൻ ചേട്ടൻ

ഒരു കുറിപ്പ് സന്തോഷ് സാറിന് നേരേ നീട്ടി

ബിനോയ്  ആൻ്റ് ജിജോ ആർ വാണ്ട്സ് ടു മീറ്റ് HOD

ജിജോയും ബിനോയിയും പരസ്പരം നോക്കി
ഇല്ലടാ ഒരു പ്രശ്നവുമില്ല

അല്ലേലും നമ്മൾ പഠിക്കാനല്ലേ വന്നത് ജിജോ പതുക്കെ പറഞ്ഞു.

Ho Dയുടെ അടുത്തേയ്ക്ക് നീങ്ങുമ്പോൾ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അവരറിഞ്ഞിട്ടില്ല

സ്റ്റാഫ് റൂമിൽ കാലെടുത്തു വച്ചതും ഇടതു വശത്തു നിന്നൊരു ശബ്ദം

ഇങ്ങ് പോരെ ഞാനാ വിളിപ്പിച്ചത്.... ബൈജു മാഷ്

എന്താ സാർ?
നിങ്ങൾ .....
ഇല്ല സാർ, ഞങ്ങളില്ല സാർ.....

അതല്ല, രണ്ടാളും പഠിക്കാനല്ലേ വന്നത്
പിന്നെന്തിനാ പരീക്ഷ എഴുതുന്നില്ലാന്ന് തീരുമാനിച്ചത്

സാറിതെങ്ങനെ അറിഞ്ഞു

ബൈജു മാഷ് ഒന്നൂറിച്ചിരിച്ചു

എല്ലാമറിയുന്നവൻ ശംഭോ മഹാദേവ ...

ദീപക്ക് ചതിച്ചാശാനേ....

വാ ഇരിക്ക് നമുക്ക് പരിഹാരം ഉണ്ടാക്കാം

പിന്നെ നടന്നത് ഗീതോപദേശമായിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞ്    സ്റ്റാഫ് റൂമിൽ നിന്ന് അവരിറങ്ങുമ്പോൾ ദീപക്ക് ഒന്നുമറിയാത്തവനേപ്പോലെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.

എന്തായി

തീരുമാനം മാറ്റി അല്ല മാറ്റിച്ചു ......

പരീക്ഷ എഴുതുന്നു
പൂരം കൊടിയേറി മക്കളേ....

ഗീതോപദേശത്തിനു ശേഷം അവശനായ ബൈജു മാഷ് രണ്ട് ദിവസത്തേക്ക് അവധിയെടുത്തു എന്നാണ് പിന്നീടറിഞ്ഞത്.

അങ്ങനെ ആ ദിവസം വന്നണഞ്ഞു.

ആദ്യ സെമസ്റ്ററിലെ
ആദ്യ പരീക്ഷ

Image is for representation only
ആദ്യരാത്രിയും, ആദ്യ പരീക്ഷയും ഒരു പോലെയാണെന്ന് ഒരു വിരുതൻ പറഞ്ഞിട്ടുണ്ട്.

ഒരു പരവേശവും വെപ്രാളവും അത്ര തന്നെ...

സമയം 8.40
പുസ്തകം അടച്ചു വച്ച് ജിജോ ചോദിച്ചു

ബിനോയ് ഓക്കെയല്ലേ
ഡബിൾ ഓക്കെ

അവനെവിടെ ദീപക്ക്
കുളി കഴിഞ്ഞില്ലേ?

എന്താടാ താമസം
വേഗം ഡ്രസ്സ് ചെയിഞ്ച് ചെയ്യ്.....

9 മണിക്ക് ദീപക്ക് വരാന്തയിൽ പ്രത്യക്ഷപ്പെട്ടു

വേഷം കൈലിമുണ്ടും, ടീ ഷർട്ടും

റെഡിയായില്ലേ?
ഇല്ല, ഞാനില്ല

എന്ത്?

ഞാൻ പരീക്ഷ എഴുതുന്നില്ല ദീപക്കിൻ്റെ പ്രഖ്യാപനം വന്നു.

അയ്യോ എന്തു പറ്റി

ഒരാത്മവിശ്വാസക്കുറവ്

അതിന് ക്ലോസപ്പ് പേസ്റ്റിട്ട് പല്ലുതേച്ചാ പോരെ
ബിനോയിയുടെ വളിച്ച കോമഡി

ക്ലൈമാക്സ് 1

എഴുതുന്നില്ല എന്ന് തീരുമാനിച്ചവർ പരീക്ഷ എഴുതുന്നു 60% ന് മുകളിൽ വാങ്ങുന്നു.

ക്ലൈമാക്സ് 2

ദീപക്ക് രണ്ടാം സെമസ്റ്ററിൽ ഒന്നും രണ്ടും സെമസ്റ്ററുകൾ ഒന്നിച്ചെഴുതിയെടുത്ത് ബാഹുബലിയാകുന്നു.

(ബിനോയ് വി ജെ) 

Thursday, 20 April 2023

A Son's Tribute: Devotional Songs in Memory of Late Annamma Mathai

We are honored to share with you a beautiful devotional song performed by Jijo Mathai, a touching tribute to his beloved mother who recently passed away. As a devout Christian, Ms. Annamma found solace and joy in singing songs of praise to God, and her son's rendition of this song is a testament to her faith and devotion.


The song is a heartfelt expression of love and gratitude for God. The tender melody and inspiring lyrics remind us of God's love and the comfort that He provides in times of hardship. Listening to his emotive voice, we are transported to a place of peace and serenity, where we are reminded of the beauty of faith and the power of prayer.


His singing is a reflection of his deep connection to God and his mother's unwavering faith in His love and grace. As we listen to this song, we are inspired to open our hearts to God and to seek His guidance in all aspects of our lives. This moving tribute is a reminder of the enduring power of faith and the beauty of a life lived in service to God.

പയ്യന്നൂർ കഥകൾ 01

ടി വിയിൽ ക്രിക്കറ്റ് കാണാൻ ക്ലാസ്സും കഴിഞ്ഞു ഓടി വരുന്ന ഞങ്ങളോട് വല്യമ്മ പറഞ്ഞു - "ഓടേണ്ട.. ഓര് ബർത്താനം തുടങ്ങീറ്റെ ഉള്ളു". ബർത്താനം കഴിഞ്ഞിട്ടേ പന്തേറും പന്ത് അടിയും പന്ത് പിടിയും ഒക്കെ ഉള്ളു എന്ന് വല്യമ്മ നന്നേ മനസ്സിലാക്കിയിരുന്നു. 

***

Image is representative only
വൈകുന്നേരങ്ങളിലെ ഞങ്ങളുടെ കൊച്ചുവർത്തമാനങ്ങളിൽ നാട്ടുവിശേഷങ്ങളും, കോളേജിലെ വിശേഷങ്ങളും ഒക്കെ ചർച്ച ചെയ്യുക പതിവായിരുന്നു. 

ഈ വർത്തമനങ്ങൾക്കിടയിൽ, പുട്ടിന് തേങ്ങാപീര പോലെ ഇടക്കിടെ ബിനോയ് പറയും.. 

"വാടക ഒന്നു കുറച്ചാൽ വലിയ ഉപകരമായിരുന്നു".  

എന്താണെന്ന് അറിയില്ല, ആ ഡയലോഗിന് വല്യമ്മ പ്രതികരിക്കില്ല. 

ഉടനെ വരും അടുത്ത ചോദ്യം : "വല്യമ്മേ.. രാവിലെ തരുന്ന പാലിൽ മൊത്തം വെള്ളമാണ്". അതും കേട്ട ഭാവം ഇല്ല.

ഈ ചോദ്യങ്ങളെ നേരിടാൻ വല്യമ്മ ഒരു പ്രത്യേകതരം ഫിൽറ്റർ തന്നെ ഉപയോഗിക്കാറുണ്ടെന്നായിരുന്നു ഒടുവിൽ ബിനോയിയുടെ കണ്ടെത്തൽ! 

ആ ഫിൽറ്റർ ഞങ്ങൾ പയ്യന്നൂർ വിടുന്നത് വരെ വല്യമ്മ വിദഗ്ധമായി ഉപയോഗിച്ചിരുന്നു.

*****

സീനിയേഴ്സ് ഒഴിഞ്ഞ ഒരു തമാശ സ്ഥലം ഉണ്ടെന്ന് അറിഞ്ഞു ഞങ്ങൾ അന്വേഷിക്കാൻ പോയി. അവിടെ ആണ് ഞങ്ങൾ വല്യമ്മയെ ആദ്യമായി കാണുന്നത്. 

Images are representative only
Image is representative only
സംസാരപ്രിയയായ വല്യമ്മ ഞങ്ങളുടെ സീനിയേഴ്സിന്റെ സൽഗുണങ്ങളെ കുറിച്ചു ആവോളം പറഞ്ഞു. അവർക്ക് മുൻപേ ഒരു കൊല്ലംകാരന് വീട് കൊടുത്ത കഥയും വല്യമ്മ പറയാൻ മറന്നില്ല. കൊല്ലംകാരൻ വല്യമ്മയെ പറ്റിച്ച കാര്യം പറയുമ്പോൾ തെളിഞ്ഞിരുന്ന ആ മുഖം പെട്ടെന്ന് ഇരുണ്ടുമൂടി.. ഒരു കൊല്ലംകാരനും ഞാൻ ഇനി വീട് കൊടുക്കില്ല എന്ന ഭാവത്തിൽ വല്യമ്മ ഞങ്ങളെ നോക്കി. എന്നിട്ട് ഞങ്ങളുടെ മൂന്നുപേരുടെയും സ്ഥലം തിരക്കി. 

അവർ രണ്ടു പേരും സ്ഥലം പറഞ്ഞു. വല്യമ്മ ഓക്കെ. ഞാൻ സ്ഥലം പറഞ്ഞു, വല്യമ്മ നോട്ട് ഓക്കേ. 

കൊല്ലത്തെ മോശക്കാരുടെ ഇടയിൽ നിന്നും രക്ഷപെട്ടു വന്ന ഒരു നല്ലവനായ മനുഷ്യൻ ആണ് ഇതെന്ന് ശ്രേഷ്ഠന്മാരായ എന്റെ കൂട്ടുകാർ പറഞ്ഞു പിടിപ്പിച്ചു. വല്യമ്മ എന്നെ ഒന്ന് നോക്കി. പട്ടിണി കോലം പോലത്തെ എന്റെ രൂപം കണ്ട് മനസലിഞ്ഞിട്ടാവണം.. എറണാകുള ത്തിന്റെയും കോട്ടയത്തിന്റെയും ഇടയിൽ കൊല്ലവും ഉൾപ്പെടുത്തിക്കൊണ്ടു ഒരു ഭവന രൂപീകരണം നടന്നു.

(ദീപക് ഓ ജെ)